കൂടരഞ്ഞി : ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രത്യേക യോഗം ചേർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ നിസാറാബീഗം, ആയിഷാബി ഷിയാസ്, ജെയിംസ് വേളാശേരി, ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അതിഥി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന, ഹോട്ടലുകൾ, കൂൾബാറുകൾ, സ്കൂൾ കാന്റീനുകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന ശക്തമാക്കൽ, കുടിവെള്ള സ്രോതസ്സുകളുടെ ശുചിത്വ പരിശോധന, പരിസര ശുചീകരണം, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു.
ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ ആരോഗ്യപ്രവർത്തകരെ സമീപിക്കുക എന്നിവയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
രത്നാ രാജേഷ്, തോമസ് പാണ്ട്യാലപടവിൽ, സക്കീന സലീം, ലീലാമ്മ ദേവസ്യ, ഷീബ റോയ്, ആയ്യുർവേദ ഡോ. പി വൃന്ദ, ഹോമിയോ ഡോക്ടർ ഡോ.അഞ്ജലി, ബാബു ചെല്ലന്തറയിൽ, ടോമി പ്ലാത്തോട്ടം, ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

0 Comments