തിരുവന്തപുരം : സംസ്ഥാനത്ത് ഈമാസം 31 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, പശ്ചിമ ബംഗാൾ വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു.
ഇത് വടക്ക് - വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഇന്ന് ഉച്ചയ്ക്ക് പശ്ചിമ ബംഗാൾ വടക്കൻ ഒഡീഷ തീരത്ത് ബാലസോർ–കാനിങ്ങ് ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. കിഴക്കൻ അറബിക്കടലിനും സമീപ കൊങ്കൺ തീരത്തിനും മുകളിലായി ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.
കേരളത്തിൽ ഇന്ന് മുതൽ 31 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

0 Comments