കൂടരഞ്ഞി : ആനിക്കാംപൊയിൽ–കള്ളാടി തുരങ്കപാത പദ്ധതി അനാവശ്യ കാലതാമസമില്ലാതെ യാഥാർഥ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) തിരുവമ്പാടി മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടരഞ്ഞിയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്.
തിരുവമ്പാടി മണ്ഡലത്തിലെ മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള വികസന സ്വപ്നമാണ് ആനിക്കാംപൊയിൽ–കള്ളാടി തുരങ്കപാതയെന്ന് യോഗം വിലയിരുത്തി.
വയനാടിനെയും കോഴിക്കോട് ജില്ലയെയും വേഗത്തിലും സുരക്ഷിതമായും ബന്ധിപ്പിക്കുന്ന ഈ പദ്ധതി പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിക്ക് നിർണായകമാകുമെന്നും വിനോദസഞ്ചാരം, കൃഷി, വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളുടെ വികസനത്തിന് പദ്ധതി വഴിയൊരുക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ വികസന പദ്ധതികൾ അനന്തമായി വൈകിപ്പിക്കുന്നത് മലയോര ജനതയോടുള്ള നീതിയല്ലെന്നും ശാസ്ത്രീയ പഠനങ്ങളും വിദഗ്ധരുടെ നിർദേശങ്ങളും അടിസ്ഥാനമാക്കി പരിസ്ഥിതിക്കും ജനജീവിതത്തിനും സുരക്ഷ ഉറപ്പാക്കി പദ്ധതി നടപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മലയോര മേഖലയിലെ ജനങ്ങൾ വർഷങ്ങളായി നേരിടുന്ന യാത്രാദുരിതത്തിനും വികസന പിന്നാക്കാവസ്ഥയ്ക്കും ശാശ്വത പരിഹാരം കാണാൻ തുരങ്കപാത പദ്ധതി അനിവാര്യമാണെന്നും ദുരന്തങ്ങളുടെയോ നടപടിക്രമങ്ങളുടെയോ പേരിൽ പദ്ധതി വീണ്ടും വൈകിപ്പിക്കാതെ എല്ലാ ആശങ്കകൾക്കും വ്യക്തമായ പരിഹാരം കണ്ടെത്തി നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ടാർസൻ ജോസ് കോക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. പി. എം. തോമസ് മാസ്റ്റർ, ജിമ്മി ജോസ് പെമ്പിള്ളിൽ, ഇളമന ഹരിദാസ്, വിൽസൺ പുല്ലുവേലി, അബ്ദുറഹിമാൻ മാസ്റ്റർ പള്ളിക്കലാത്ത്, ഗോൾഡൻ ബഷീർ എന്നിവർ സംസാരിച്ചു.
മലയോര ജനതയുടെ വികസന സ്വപ്നങ്ങൾക്ക് ഇനി കാലതാമസം പാടില്ല. പരിസ്ഥിതിയും വികസനവും ഒരുപോലെ സംരക്ഷിക്കുന്ന ശാസ്ത്രീയ സമീപനത്തോടെ ആനിക്കാംപൊയിൽ – കള്ളാടി തുരങ്കപാത ഉടൻ യാഥാർഥ്യമാക്കണം എന്ന പ്രമേയമാണ് യോഗം ഐക്യകണ്ഠേന പാസാക്കിയത്.

0 Comments