LATEST

6/recent/ticker-posts

അത്ഭുത ഓർമ്മശക്തിയുമായി ഏഴുവയസ്സുകാരൻ ഐബെക്






തിരുവമ്പാടി : വെറും 45 സെക്കൻഡ്. അത്രയും സമയം മതി ഐബെക്കിന് മുഴുവൻ പീരിയോഡിക് ടേബിളും മനഃപാഠമായി പറയാൻ. രണ്ടര മിനിറ്റിനുള്ളിൽ ലോകത്തിലെ 195 രാജ്യങ്ങളുടെ പേരുകളും അവയുടെ ദേശീയ പതാകകളും കൃത്യമായി തിരിച്ചറിയും. ഇന്ത്യയിലെ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും വിരൽത്തുമ്പിലെന്ന പോലെ ഓർത്തുപറയും. കേരളത്തിലെ മന്ത്രിമാരുടെ പേരുകളും അവർ കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചോദിച്ചാൽ നിമിഷങ്ങൾക്കകം മറുപടിയെത്തും.

കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന ഈ ഓർമ്മശക്തിയുടെ ഉടമയാണ് ഏഴുവയസ്സുകാരൻ ഐബെക് ബിൻ ഷാഹുൽ. മർകസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ഐബെക്, ഷാഹുൽ–ശബീബ ദമ്പതികളുടെ മൂത്ത മകനാണ്. അടിവാരം പൊട്ടിക്കയത്താണ് കുടുംബവീട്. പിതാവ് വിദേശത്തായതിനാൽ ഇപ്പോൾ മാതാവിന്റെ വീടായ തിരുവമ്പാടി പാമ്പിഴഞ്ഞപാറയിലാണ് ഐബെക്കും കുടുംബവും താമസിക്കുന്നത്.

രണ്ടര വയസ്സിൽ തന്നെ വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകൾ തിരിച്ചറിയാൻ തുടങ്ങിയതോടെയാണ് ഐബെക്കിലെ അസാധാരണമായ കഴിവ് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് മകന്റെ താൽപ്പര്യങ്ങൾ തിരിച്ചറിഞ്ഞ് പഠനത്തിന് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകുകയായിരുന്നു. ഒരിക്കൽ കേൾക്കുന്ന കാര്യങ്ങൾ പോലും വളരെ കൃത്യമായി ഓർത്തുവെക്കാനുള്ള കഴിവാണ് ഐബെക്കിന്റെ പ്രത്യേകതയെന്ന് മാതാപിതാക്കൾ പറയുന്നു.

പീരിയോഡിക് ടേബിളും രാജ്യങ്ങളുടെ പതാകകളും സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളുമൊക്കെ പഠിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഇതൊക്കെ പെട്ടെന്ന് പഠിച്ചെടുത്തു. വലുതാകുമ്പോൾ ഒരു ശാസ്ത്രജ്ഞനാകണമെന്നാണ് എന്റെ ആഗ്രഹം, ഐബെക് പറയുന്നു.
പഠനം ഒരു ബാധ്യതയായി കാണാതെ താൽപ്പര്യമുള്ള വിഷയങ്ങളെ കൗതുകത്തോടെ സമീപിക്കുന്നതാണ് ഐബെക്കിന്റെ മികവിന് പിന്നിലെ പ്രധാന പ്രത്യേകത. 

ചെറുപ്രായത്തിൽ തന്നെ വിവരങ്ങൾ കൃത്യമായി ഓർത്തെടുക്കാനും അറിവ് സമ്പാദിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിക്കാനും കഴിയുന്ന ഈ മിടുക്കൻ സഹപാഠികൾക്കും മറ്റു കുട്ടികൾക്കും കൗതുകവും പ്രചോദനവുമാകുകയാണ്.
അറിവിനോടുള്ള ഈ കൗതുകവും ഓർമ്മശക്തിയും കൈമുതലാക്കി ശാസ്ത്രത്തിന്റെ ലോകത്ത് തന്റേതായ ഇടം കണ്ടെത്താനുള്ള സ്വപ്നത്തിലാണ് ഈ കൊച്ചുമിടുക്കൻ. ഐബെക്കിന്റെ സ്വപ്നങ്ങൾക്ക് ചിറകേകാൻ കുടുംബത്തിന്റെയും അധ്യാപകരുടെയും പിന്തുണയുമുണ്ട്.



Post a Comment

0 Comments