തിരുവമ്പാടി : ഓമശ്ശേരി ശക്തമായ മഴയിലും കാറ്റിലും പ്ലാവിൽ നിന്ന് ചക്ക വീണ് വൈദ്യുതി ലൈൻ പൊട്ടിവീണുണ്ടായ അപകടത്തിൽ അഞ്ച് കുറുനരികൾ ഷോക്കേറ്റ് ചത്തു. ഓമശ്ശേരി പഞ്ചായത്തിലെ വെണ്ണക്കോട് പ്രദേശത്താണ് സംഭവം. ആളുകൾ സ്ഥിരമായി സഞ്ചരിക്കുന്ന വഴിയിലായതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് പ്ലാവിൽ നിന്ന് ചക്ക വീണ് കെ.എസ്.ഇ.ബി. ലൈൻ പൊട്ടിയത്. പൊട്ടിവീണ വൈദ്യുതി ലൈൻ വഴിയരികിലെ വെള്ളക്കെട്ടിലേക്കാണ് വീണത്. ഈ വെള്ളക്കെട്ടിലിറങ്ങിയ അഞ്ച് കുറുനരികളാണ് ഷോക്കേറ്റ് തൽക്ഷണം ചത്തത്.
രാത്രിയിൽ കുറുനരികളുടെ അസ്വാഭാവികമായ ശബ്ദം കേട്ടിരുന്നെങ്കിലും പ്രദേശത്ത് സാധാരണയായി കുറുനരികളുടെ സാന്നിധ്യമുള്ളതിനാൽ നാട്ടുകാർ അത് ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് അഞ്ച് കുറുനരികളെയും ചത്ത നിലയിൽ കണ്ടെത്തിയത്.
അപകടം ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസിയായ റഹീസ് ഉടൻ തന്നെ കെ.എസ്.ഇ.ബി. ഓഫീസിൽ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെയാണ് രാവിലെ ഈ വഴിയിലൂടെ സഞ്ചരിക്കേണ്ടിയിരുന്ന നാട്ടുകാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
കെ.എസ്.ഇ.ബിയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് പ്രദേശത്ത് ഒരു വൻ ദുരന്തം ഒഴിവാക്കാൻ കാരണമായത്.

0 Comments